കൊല്ലം: ഉത്ര കേസിൽ തെളിവെടുപ്പിനായി അസാധാരണ പരീക്ഷണം. ഉത്രയുടെ ഡമ്മിയിൽ മൂർഖനെ കൊണ്ട് കടിപ്പിച്ചു. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്ത് അരിപ്പ വനം വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡമ്മി പരീക്ഷണം നടന്നത്.
പരീക്ഷണത്തിനായി മൂന്ന് പാമ്പുകളെ ഉപയോഗിച്ചു. കഴിഞ്ഞ ജൂലൈയിലായിരുന്നു പരീക്ഷണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു.
ഉത്രയുടെ ശരീര ഭാരമുള്ള ഡമ്മിയിൽ കൈ ഭാഗത്ത് കോഴിയിറച്ചി കെട്ടിവച്ചു. തുടർന്ന് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം രേഖപ്പെടുത്തുകയും ചെയ്തു.
ഉത്രയെ കടിച്ചത് 150 സെന്റീ മീറ്റർ നീളമുള്ള മൂർഖൻ പാമ്പായിരുന്നു. ഇത്തരത്തിലുള്ള ഒരു പാമ്പ് കടിച്ചാൽ 1.7 സെന്റീ മീറ്റർ നീളമുള്ള മുറിവായിരിക്കും ശരീരത്തിൽ ഉണ്ടാകുക. എന്നാൽ ഉത്രയുടെ ശരീരത്തിൽ 2.5ഉം 2.8ഉം സെന്റീ മീറ്റർ വീതം നീളമുള്ള രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാൽ മാത്രമേ ഇത്രയും നീളമുള്ള മുറിവുകൾ ഉണ്ടാകൂ എന്ന ശാസ്ത്രീയ നിഗമനം ഇതിലൂടെ അന്വേഷണ സംഘം രേഖപ്പെടുത്തി.
Discussion about this post