തിരുവനന്തപുരം: യുവാവ് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി ആണ് മരിച്ചത്. 20 വയസ്സായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിൽ വെച്ചായിരുന്നു അതിക്രമം.
സൂര്യയുടെ മാതാപിതാക്കൾ ശാരീരിക വെല്ലുവിളികളുള്ളവരാണ്. ഇവരേയും അരുണ്‍ അക്രമിച്ചിരുന്നു. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതു കണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി.
പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു.
സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. സംഭവം കണ്ട് അയൽക്കാർ നിലവിളിച്ചതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്.











