ഇറാനിൽ നിന്നുള്ള എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ അനധികൃത വ്യാപാരവും ഇടപാടുകളും തടയുന്നതിന്റെ ഭാഗമായി നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ശക്തമായ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ട്രംപ് ഭരണകൂടം ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന കർശന സാമ്പത്തിക നടപടിയുടെ ഭാഗമായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ട്രഷറി വിഭാഗവും ചേര്‍ന്ന് ഈ നീക്കം നടത്തിയത്. പോർട്ടിസ് പാർട്ണേഴ്സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് എന്നിവയാണ് അമേരിക്കയുടെ കരിമ്പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ സ്ഥാപനങ്ങൾ. ഇതിൽ സദാശിവ ഓവർസീസ് ഏകദേശം 6.9 കോടി ഡോളറിന്റെയും, പിപി സോഫ്റ്റെക്, പ്രകൃതീസ് ഇൻഫ്രാ എന്നിവ 2.5 കോടി ഡോളർ വീതമുള്ളതുമായ ഇറാനിയൻ എണ്ണ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് ബ്രോക്കർ സ്ഥാപനമായ പോർട്ടിസ് പാർട്ണേഴ്സ് ഈ എണ്ണക്കടത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയെന്നാരോപിച്ചാണ് നടപടി നേരിടുന്നത്.
കൂടാതെ സ്ഥാപനങ്ങളുടെ ഡയറക്ടർമാരും പങ്കാളികളുമായ പ്രശാന്ത് ഗാർഗ്, ഇദ്രിസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നീ ഇന്ത്യൻ പൗരന്മാർക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനും അവിടുത്തെ ഭരണകൂടത്തിലേക്കുള്ള വരുമാന സ്രോതസ്സുകൾ പൂർണ്ണമായും അടയ്ക്കാനുമുള്ള ട്രംപിന്റെ ഉറച്ച നയത്തിന്റെ ഭാഗമായാണ് ഈ നടപടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഈ പുതിയ നീക്കത്തെ ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെയുള്ള ‘ഇക്കണോമിക് ഡി-ഡേ’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ സൈനിക ആവശ്യങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും പണം കണ്ടെത്തുന്നത് തടയുന്നതിനായി, അവരുമായി ഏതെങ്കിലും തരത്തിലുള്ള എണ്ണ-സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളിലെ കമ്പനികൾക്ക് ഉപരോധ ഭീഷണി ഉയർത്തുന്ന പുതിയ നയമാണ് വാഷിംഗ്ടൺ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് പുറമെ ചൈന, ഹോങ്കോംഗ്, തുർക്കി എന്നിവിടങ്ങളിലെ ഇരുപതിലധികം കമ്പനികൾക്കും കപ്പലുകൾക്കും എതിരെയും അമേരിക്ക ഉപരോധം കടുപ്പിച്ചിട്ടുണ്ട്.
അമേരിക്കയുടെ ഈ കടുത്ത നടപടിയെ നിയമവിരുദ്ധമായ ഭീഷണിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളെയും കാറ്റിൽപ്പറത്തുന്ന ഇത്തരത്തിലുള്ള ഏകപക്ഷീയമായ ഉപരോധങ്ങളെ തങ്ങൾ ഭയക്കുന്നില്ലെന്നും രണ്ട് വർഷത്തെ പ്രത്യാക്രമണ പദ്ധതികൾ രാജ്യം ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും ഇറാൻ ധനകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുമായി ഡോളറിലോ അവരുടെ ബാങ്കിംഗ് ശൃംഖല വഴിയോ ഇടപാടുകൾ നടത്തുന്ന ഇന്ത്യൻ കമ്പനികൾക്ക് ഈ പുതിയ യുഎസ് ഉപരോധം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ ഇറാനിയൻ എണ്ണ വ്യാപാരം പൂർണ്ണമായി നിലയ്ക്കാത്ത പശ്ചാത്തലത്തിൽ, ഇടനിലക്കാരായി പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്കെതിരെയും വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് വാഷിംഗ്ടൺ നൽകുന്ന സൂചന.








