ലോകത്തിലെ ഏറ്റവും വലിയ മൃഗം കരയിൽ നടക്കുന്നതായി സങ്കൽപ്പിക്കുക! ഇങ്ങനെയൊന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മളിൽ ഭൂരിഭാഗവും ദിനോസറുകളുടെ കാലത്തെക്കുറിച്ചായിരിക്കും ചിന്തിക്കുക. എന്നാൽ ഈജിപ്ഷ്യൻ പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തിയിരിക്കുന്നത് കരയിൽ നടന്നും, വിശാലമായ സമുദ്രങ്ങളിൽ നീന്തിയും ജീവിച്ച ഭീമാകാരനായ തിമിംഗലത്തിന്റെ ഫോസിൽ ആണ്. അതിശയോക്തിയെന്തെന്നാൽ 43 ദശലക്ഷം വർഷം പഴക്കമുള്ള ആ ഫോസിൽ നാല് കാലുകളുള്ള തിമിംഗലത്തിന്റെതാണ് എന്നതാണ്.
ഈജിപ്ഷ്യൻ മമ്മിഫിക്കേഷന്റെയും, മരണാനന്തര ജീവിതത്തിന്റെയും ദൈവമായ അനുബിസിന്റെ പേരായ ‘ഫിയോമിസെറ്റസ് അനുബിസ്’ എന്നാണ് പുതിയതായി കണ്ടെത്തിയ തിമിംഗലങ്ങൾക്ക് ശാസ്ത്രജ്ഞർ പേരിട്ടത് .
ഈജിപ്ഷ്യൻ പരിസ്ഥിതി കാര്യ ഏജൻസിയിലെ മുഹമ്മദ് സമേയുടെ നേതൃത്വത്തിലുള്ള ഒരു പര്യവേഷണ സംഘം 2008 ൽ ഈജിപ്തിലെ പടിഞ്ഞാറൻ മരുഭൂമിയിലെ ഫയൂം ചരിവിലെ മധ്യ ഇയോസീൻ പാറകളിൽ നിന്നാണ് ഈ ഫോസിൽ കണ്ടെത്തിയത്. മുമ്പ് ഈ പ്രദേശം കടലിൽ മുങ്ങിയതായിരുന്നു. ഈജിപ്ഷ്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം അടുത്തിടെ ഫോസിൽ അവശിഷ്ടങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് അവ 56 ദശലക്ഷം മുതൽ 33.9 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈയോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന തിമിംഗലങ്ങൾക്ക് സമാനമായ വംശനാശം സംഭവിച്ച പ്രോട്ടോസെറ്റിഡേയിലെ ഒരു അംഗമാണെന്ന് കണ്ടെത്തി.
ഈ ഇനത്തിന് ഏകദേശം 10 അടി നീളവും 600 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. പേടിപ്പെടുത്തുന്ന ഈ ജീവിയ്ക്ക് കുറുനരി പോലെയുള്ള തലയും ശക്തമായ താടിയെല്ലുകളുമുണ്ടെന്ന് പറയപ്പെടുന്നു. തലയോട്ടിയുടെയും താടിയെല്ലിന്റെയും സവിശേഷമായ സവിശേഷതകൾ സാധാരണ പ്രോട്ടോസെറ്റിഡുകളേക്കാൾ ഫലപ്രദമായ ഓറൽ മെക്കാനിക്കൽ പ്രോസസ്സിംഗ് ആയിരുന്നുവെന്ന് ഗവേഷകർ എടുത്തുകാണിക്കുന്നു. ഇത് ഒരുപക്ഷേ ഒരു ശക്തമായ റാപ്റ്റോറിയൽ ഭക്ഷണരീതിക്ക് അനുവദനീയമായിരുന്നിരിക്കും. ഈ സവിശേഷത അവയെ ഇന്നത്തെ കൊലയാളി തിമിംഗലത്തോട് ഉപമിക്കുന്നു.
അവയുടെ ഉഭയജീവ സ്വഭാവം കാരണം, പ്രോട്ടോസെറ്റിഡുകൾ തിമിംഗല ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു. അത് ഇപ്പോഴും ശാസ്ത്രജ്ഞർക്ക് മിക്കവാറും അജ്ഞാതമാണ്. നീളമേറിയ ടെമ്പോറൽ ഫോസ, അല്ലെങ്കിൽ തലയോട്ടിയുടെ വശത്ത് ആഴമില്ലാത്ത ചെറിയ കുഴിവ്, പേറ്റെറിഗോയിഡ് അസ്ഥികളുടെ സ്ഥാനത്ത് വരുന്ന മാറ്റം എന്നിവ ഫിയോമിസെറ്റസ് അനുബിസിനെ മറ്റ് പ്രോട്ടോസെറ്റിഡുകളിൽ നിന്ന് വേർതിരിക്കുന്നു .
ഈ കണ്ടുപിടിത്തം ആദ്യകാല തിമിംഗലങ്ങളുടെ ജൈവ ഭൂമിശാസ്ത്രം, തീറ്റ പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച പ്രധാനം ചെയ്തിട്ടുണ്ട്. ഇയോസീൻ കാലഘട്ടത്തിലെ തിമിംഗലങ്ങളുടെ പരിണാമത്തിൽ ആഫ്രിക്കൻ ജലത്തിന്റെ പങ്കും ഈ പഠനം എടുത്തു കാണിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.









Discussion about this post