കാസര്‍ഗോഡ്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി വിവാഹ രജിസ്ട്രേഷന് അനുമതി നല്കി ഉത്തരവ്. കോവിഡ് സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ദമ്പതികള്‍ക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സ്ഥിതി കണക്കിലെടുത്താണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അനുമതി നല്‍കിയത്.
വിഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രജിസ്ട്രേഷന് നടത്താനാണ് തദ്ദേശ വകുപ്പ് സെപ്റ്റംബര്‍ ഒമ്പതിന് ഇറക്കിയ ഉത്തരവിലുള്ളത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് എന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് ഇതുവഴി നടപ്പായത്.
കോവിഡ് സാഹചര്യത്തില്‍ വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങളാണ് പഞ്ചായത്ത് ഡയറക്ടര്‍ക്കും വിവാഹ രജിസ്ട്രാര്‍ ജനറലിന്റെ ഓഫിസിലും ലഭിക്കുന്നത്.
വിദേശത്ത് എത്തിയശേഷം ഓണ്‍ലൈന്‍ രജിസ്ട്രേഷനു അനുമതി ആവശ്യപ്പെട്ട് പലരും കോടതിയെയും സമീപിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പല രജിസ്ട്രാര്‍മാരും അതത് വ്യക്തികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. വിദേശത്ത് തൊഴില്‍ സംരക്ഷണം, താമസസൗകര്യം എന്നിവ ഒരുക്കുന്നതിനുള്ള ആധികാരിക രേഖ എന്ന നിലക്കും പലരും കോടതിയെ സമീപിക്കുന്നുണ്ട്. സര്‍ക്കാറിന് നിവേദനം നല്കി നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് ഈ വര്‍ഷം ഡിസംബര്‍ 31വരെയെങ്കിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന് അനുമതി വേണമെന്ന് വിവാഹ (പൊതു) മുഖ്യ രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാറിന് ശിപാര്‍ശ നല്കി.
Discussion about this post