തിരുവനന്തപുരം : പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനും, തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഈ മാസം ആദ്യമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഏറെനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. പി.ഡി.പി. മുന്‍ ജനറല്‍ സെക്രട്ടറിയാണ്. രണ്ട് തവണ പി.ഡി.പി. സ്ഥാനാര്‍ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ചാണ് നഗരസഭാ കൗണ്‍സിലറായത്.
അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സിറാജ് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ സിറാജ് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനിക്ക് കത്തു നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തെ വൈസ് ചെയർമാനായി പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം നിയമിച്ചത്.
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജയില്‍മോചനത്തിനായി ഏറെക്കാലം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവു കൂടിയാണ് അദ്ദേഹം.












