ഡൽഹി: സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗം കനയ്യ കുമാറും, ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും. കനയ്യയുടെ കോൺഗ്രസ് പ്രവേശനം ഇന്ന് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കും. എന്നാൽ മേവാനിയുടെ ഔദ്യോഗിക പ്രവേശനം പിന്നീടായിരിക്കും. ഉച്ചയ്ക്ക് മൂന്നരക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ എന്തുകൊണ്ട് സി പി ഐ വിട്ടുവെന്ന് കനയ്യ വ്യക്തമാക്കും. രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ഒരു പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ ജെഎൻയു രാജ്യദ്രോഹ കേസിലെ പ്രതികളിൽ ഒരാളാണ് കനയ്യ കുമാർ. 2016 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിനെ ആക്രമിച്ച തീവ്രവാദി അഫ്സൽ ഗുരുവിന്റെ വാർഷികത്തോടനുബന്ധിച്ച് ജെഎൻയുവിലെ വിദ്യാർത്ഥികൾ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. കനയ്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംസ്ഥാനത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും ഭാരതത്തെ തുണ്ടം തുണ്ടമായി വെട്ടിമുറിക്കും എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.
കനയ്യയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്കി. എന്നാല്‍ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്.
തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന കനയ്യയുടെ വാശി പാർട്ടി പ്രവർത്തകന് യോജിക്കാത്ത നിലയിലുള്ളതായാണ് സിപിഐ കണ്ടത്. സിപിഐ വിടാനുള്ള കനയ്യയുടെ തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍, ബിഹാർ ഘടകവുമായുള്ള തർക്കത്തെ തുടർന്ന് തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കണം, തെരഞ്ഞെടുപ്പ് സമിതി ചെയർമാനാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കനയ്യ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചത്. ഇവ അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. വരുന്ന രണ്ടാം തീയതി ചേരുന്ന ദേശീയ കൗൺസിൽ വിഷയം ചർച്ച ചെയ്യാമെന്നറിയിച്ചെങ്കിലും കനയ്യ, പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്നു.
കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് സിപിഐക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റെ ഹാര്‍ദ്ദിക് പട്ടേല്‍ മധ്യസ്ഥനായി ചര്‍ച്ച നടത്തി. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടന്നു. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
Discussion about this post