തിരൂര്‍: 15 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത മയക്കുമരുന്നുമായി കാസര്‍ഗോഡ് സ്വദേശി തിരൂരില്‍ പിടിയില്‍. മഞ്ചേശ്വരം അന്‍സീന മന്‍സിലില്‍ അന്‍സാറിനെ (30) ആണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ നാടകീയ സംഭവങ്ങള്‍ക്കിടെയായിരുന്നു പ്രതി തിരൂര്‍ പൊലീസിന്‍റെ പിടിയിലായത്. തലക്കടത്തൂര്‍ അരിക്കാട് റോഡ് പടിഞ്ഞാക്കരയില്‍ തലക്കടത്തൂര്‍ സ്വദേശി നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ അപകടകരമായി വന്ന പ്രതിയുടെ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോവാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി തിരൂര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് ചോദ്യങ്ങളോടുള്ള പ്രതിയുടെ മറുപടിയിലെ പൊരുത്തക്കേട് സംശയത്തിനിടയാക്കിയതിനെ തുടര്‍ന്ന് കാര്‍ വിശദമായി പരിശോധിക്കുകയും 15 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത മയക്കുമരുന്നുകള്‍ കണ്ടെത്തുകയുമായിരുന്നു. ഹാഷിഷ് ഓയില്‍, എം.ഡി.എം.എ എന്നിവയാണ് കണ്ടെടുത്തത്.
കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആര്‍ക്ക് വില്‍പ്പന നടത്താനാണ് ഇത് കൊണ്ടുവന്നതെന്നും അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ പ്രവീണ്‍, എസ്.സി.പി.ഒ മുഹമ്മദ് കുട്ടി, സി.പി.ഒ ജോണ്‍ ബോസ്ക്കോ, രഞ്ജിത്ത്, അനീഷ്, എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Discussion about this post