മൂന്നാര്‍: മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം തുടങ്ങുന്നതിന് പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം വീണ്ടും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തോട്ടം തൊഴിലാളികള്‍ തീരുമാനിച്ചത്. അവശ്യസര്‍വീസുകളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി-മധുര ദേശീയ പാത ഉള്‍പ്പെടെ മൂന്നാറിലേക്കുള്ള മുഴുവന്‍ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കും. ജില്ലയിലെ 15 കേന്ദ്രങ്ങളിലും റോഡ് ഉപരോധം നടക്കും. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം സമരം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാറ്റാനും ആലോചനയുണ്ടെന്നു നേതാക്കളായ എ.കെ. മണി, കെ.വി. ശശി, എം.വൈ. ഔസേഫ് എന്നിവര്‍ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തിരിച്ചേല്‍പ്പിക്കും. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ അടിയന്തര യോഗം ചേരുമെന്ന് ഐക്യ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, ചര്‍ച്ച പരാജയപ്പെട്ട വാര്‍ത്തയറിഞ്ഞു കുഴഞ്ഞുവീണ സമരനേതാക്കളായ ഗോമതി അഗസ്റ്റിന്‍, പെരിയവരൈ എസ്റ്റേറ്റിലെ അന്നമ്മാള്‍, സെവന്‍മല എസ്റ്റേറ്റിലെ രാജേശ്വരി എന്നിവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതിയും രാജേശ്വരിയും തീവ്രപരിചരണ വിഭാഗത്തിലാണ്.
ദിവസക്കൂലിക്കാര്യത്തില്‍ ഉടമകളും തൊഴിലാളികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്നതാണ് ലേബര്‍ കമ്മിറ്റി യോഗം നിരന്തരം പരാജയപ്പെടുന്നതിനു കാരണമെന്നാണ് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറയുന്നത്.
Discussion about this post