ഡൽഹി: എൻ ഐ എ റെയ്ഡിന് ദിവസങ്ങൾക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ മാസികയുടെ പുതിയ എഡിഷൻ പുറത്തിറങ്ങി. കശ്മീർ താഴ്വരയിൽ പ്രചാരത്തിലുള്ള ‘വോയ്സ് ഓഫ് ഹിന്ദ്‘ മാസികയുടെ 21ആമത് എഡിഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ശനിയാഴ്ചയായിരുന്നു മാസികയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ‘ഞങ്ങൾ വരുന്നു‘ എന്ന തലക്കെട്ടിൽ വെടിവെപ്പിന്റെ ദൃശ്യങ്ങളടങ്ങിയ ഒരു ലേഖനം ഇതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു വർഷം മുൻപ് ആരംഭിച്ച ചെറിയ മാസിക ഇന്ന് പലരുടെയും കണ്ണിലെ കരടായി മാറിയിരിക്കുന്നതായി പ്രസാധകൻ അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണ് മാസിക പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും എന്നാൽ കശ്മീരിൽ നിന്നുള്ളവരുടെ സംഭാവനകളും മാസികയ്ക്ക് ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സമാനമായ ആശ്യപ്രചാരണം നടത്തുന്ന ഒരു ടെലിഗ്രാം ചാനൽ അടുത്തയിടെ നിരോധിച്ചിരുന്നു. മാസിക പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ അധികൃതരുടെ നിരീക്ഷണത്തിലാണ്.









