തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മേയര്‍ സുന്ദരിയാണെന്നും, അത് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച പിസി ജോര്‍ജ് മേയര്‍ ഭരണപ്പാട്ട് നടത്തുന്നെന്ന അവസാനത്തെ വാക്ക് മുരളിക്ക് ഒഴിവാക്കാമായിരുന്നെന്ന് അഭിപ്രായപ്പെട്ടു.
‘അത്രയും പറയേണ്ടായിരുന്നു മുരളി. ആ പറച്ചിലാണ് കുഴപ്പമായത്. ആ പറഞ്ഞത് ഒഴിവാക്കാമായിരുന്നു. സുന്ദരിയാവുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ സുന്ദരനാണെന്ന് പറഞ്ഞാല്‍ എനിക്കിഷ്ടമാവില്ലേ. ഇത്തരം കാര്യങ്ങളൊക്കെ ക്ഷമിക്കേണ്ടതാണ്. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെ പറ്റി ഒന്ന് പറഞ്ഞതാണ്. സ്ത്രീകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലമാണ്. സ്ത്രീകളെ പറ്റി മിണ്ടിയാല്‍ കുഴപ്പമാണ്. എന്നാല്‍ പുരുഷന്‍മാര്‍ കുറേ പൊട്ടന്‍മാരുണ്ട്. അവരെ പറ്റി ആര്‍ക്ക് എന്തും പറയാം. അത് പുരുഷന്‍മാരുടെ അസോസിയേഷനൊക്കെ ഉണ്ടാക്കി മുരളിയുമായി ആലോചിക്കേണ്ട ഒരു പ്രശ്നമാണ്. പിസി ജോര്‍ജ് പറഞ്ഞു.












