രാജ്കോട്ട്: പട്ടേല്‍ സംവരണസമരം ആളിക്കത്തിക്കാന്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രാജ്കോട്ട് ഏകദിനം അലങ്കോലപ്പെടുത്താനാണ് സമരാനുകൂലികള്‍ക്ക് ഹാര്‍ദിക് പട്ടേലിന്റെ നിര്‍ദേശം. പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധയിലേക്ക് ഉയര്‍ത്താനുള്ള ഏറ്റവും നല്ല അവസരമായാണ് ഈ മാസം പതിനെട്ടിന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനത്തെ ഹാര്‍ദിക് പട്ടേല്‍ വിലയിരുത്തുന്നത്. ഇതിനായി സംവരണസമര അനുകൂലികളായ പതിനായിരം പേരെ കാണികളായി സ്റ്റേഡിയത്തിലെത്തിക്കും.
അതേസമയം മത്സരം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ പ്രതികരിച്ചു. പൊതുജനങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള 11,000 ടിക്കറ്റുകളില്‍ 9000 എണ്ണം സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. തിങ്കളാഴ്ച വില്‍പ്പന തുടങ്ങുന്ന ഈ ടിക്കറ്റുകളിലാണ് പട്ടേല്‍ അനുകൂലികളുടെ നോട്ടം.
അതേസമയം ഒരാള്‍ക്ക് രണ്ടില്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കില്ലെന്നും അംഗീകൃത തിരിച്ചറിയല്‍ രേഖയില്ലാതെ വരുന്നവര്‍ക്ക് ടിക്കറ്റുകള്‍ വില്‍ക്കില്ലെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷന്‍ നിരഞ്ജന് ഷാ പറഞ്ഞു.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിനോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയ നിരഞ്ജന് ഷാ സംസ്ഥാനത്തിന് പ്രശ്നമുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കട്ടക്ക് ട്വന്റി 20 കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടതാണ് ഹാര്‍ദിക് പട്ടേലിന്റെ പുതിയ തന്ത്രത്തിന് പ്രചോദനമായത്.
Discussion about this post