കോഴിക്കോട്: സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണയാണ് മരിച്ചത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പേരാമ്പ്ര -കുറ്റിയാടി റോഡില്‍ രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു.












