റിയാദ്: കളിത്തീവണ്ടിയിൽ നിന്നും തെറിച്ചു വീണ മൂന്ന് വയസ്സുകാരൻ അതേ തീവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്.
അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതോടെ തീവണ്ടി ഉയര്‍ന്നുപൊങ്ങുകയും അതിന്റെ ആഘാതത്തില്‍ ബാലന്‍ ബോഗിയില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ട്രാക്കില്‍ വീണ ബാലന്റെ ശരീരത്തിലേക്ക് ട്രെയിനിന്റെ രണ്ടാമത്തെ ബോഗി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
കുട്ടിയുടെ ദേഹത്ത് വണ്ടി കയറിയയുടൻ ജീവനക്കാരും ബാലന്റെ പിതാവും ചേര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.












