അയോദ്ധ്യ: അവകാശികളില്ലാത്ത അജ്ഞാതരായ 25,000 പേരുടെ മൃതദേഹങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച മുഹമ്മദ് ഷെരീഫ് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും പത്മശ്രീ ഏറ്റുവാങ്ങി. അയോദ്ധ്യക്കാരുടെ സ്വന്തം ഷെരീഫ് ചാച്ച എന്ന് അറിയപ്പെടുന്ന മുഹമ്മദ് ഷെരീഫിന് 2020 ലാണ് പത്മശ്രീ ലഭിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് മാറ്റി വെച്ച ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും അദ്ദേഹം പത്മശ്രീ ഏറ്റുവാങ്ങി. ഷെരീഫ് ചാച്ച എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം സൈക്കിള്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്.
1992-ല്‍ സുല്‍ത്താന്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം മകന് റയീസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഷെരീഫ് സാമൂഹ്യസേവനം ആരംഭിച്ചത്. കെമിസ്റ്റ് ആയി ജോലി ചെയ്തിരുന്ന റായിസ് തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് കൊല്ലപ്പെട്ടത്. മകന്റെ മൃതദേഹം റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം ആരും തിരിച്ചറിയപ്പെടാതെ കിടന്നിരുന്നു. മൃതദേഹം നായ്ക്കള്‍ കടിച്ച് കീറി വികൃതമാക്കിയിരുന്നു. തന്റെ മകന് ഉണ്ടായ ദാരുണസംഭവമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ ഒരു പ്രവൃത്തിയിലേക്ക് നയിച്ചത്.
ജാതിമതഭേദന്യേ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും മൃതദേഹങ്ങള്‍ക്കൊപ്പം സിഖ്, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവരുടെയും മൃതദേഹങ്ങള്‍ ഷരീഫ് ചാച്ച സംസ്കരിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മോര്‍ച്ചറികളിലും കയറിയിറങ്ങി തിരിച്ചറിയപ്പെടാത്ത അഞ്ജാതരായ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് അന്ത്യകര്‍മങ്ങള്‍ ചെയ്യുകയാണ് ചാച്ചയുടെ രീതി. 72 മണിക്കൂറിനുള്ളില്‍ അവകാശികള്‍ വന്നില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആ മൃതദേഹം ഷെരീഫിന് കൈമാറും. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഈ സേവനത്തിനാണ് രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചത്. 25,000ത്തിലധികം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്കരിച്ചു.
Discussion about this post