ഡല്‍ഹി: ക്രിപ്റ്റോ കറന്‍സിയ്ക്കും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാജ്യത്ത് നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിറ്റ്കൊയിന്‍ ഉള്‍പ്പടെ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കലും ഭീകരപ്രവർത്തനത്തിന് ധനസഹായം നല്‍കുന്നതും ഉള്‍പ്പടെ കാര്യങ്ങള്‍ നടക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്ക്, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ സംയുക്ത യോഗത്തില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം.
അനാവാശ്യമായ വാഗ്ദാനങ്ങളിലൂടെ ക്രിപ്റ്റോ കറന്‍സികള്‍ യുവാക്കളെ തെറ്റായ വഴിയിലേക്ക് തിരിക്കുകയാണ് ഇവയുടെ സുതാര്യമല്ലാത്ത പരസ്യങ്ങള്‍ നിര്‍ത്തേണ്ടതാണെന്നും സര്‍ക്കാരിന് ധാരണയുണ്ട്. ഇത്തരം ഇടപാടുകളെ സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും വേണ്ട നടപടികളെടുക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ് ബിറ്റ്കൊയിന്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇടപാടുകളും എന്നതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ കൂട്ടായ ആലോചനകളും ആഗോള പങ്കാളിത്തവും ഇവ തടയാന്‍ ആവശ്യമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
Discussion about this post