ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകൾ എസി കമ്പാർട്ടുമെന്റുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേഒരുങ്ങുന്നു. എസി കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത യാത്രക്കാർക്ക് കമ്പാർട്ടുമെന്റുകൾ എസിയാക്കി മാറ്റുന്നതിലൂടെ സുഖപ്രദമായ യാത്രയ്ക്ക് വഴിയൊരുങ്ങുമെന്ന് റെയിൽവേ വ്യക്തമാക്കി.
റെയിൽവേ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മാറ്റം വരുത്തുന്ന ജനറൽ എസി കോച്ചുകളിൽ 100-200 യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കുമെന്നും അതിനാൽ സാധാരണക്കാർക്ക് ഈ കോച്ചുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ നിരക്ക് കുറവായിരിക്കുമെന്നും റെയിൽവേ അധികൃതർ ഒരു ദേശീയ മാധ്യമത്തോടെ പറഞ്ഞു.
പുതിയ എസി കമ്പാർട്ടുമെന്റുകളിൽ പൂർണമായും റിസർവ് ചെയ്ത സീറ്റുകളും ഓട്ടോമാറ്റിക് ക്ലോസിംഗ് ഡോറുകളും ഉണ്ടായിരിക്കും. റെയിൽവേ ഇതിനകം പദ്ധതി തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ചർച്ചകൾ നടന്നു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റെയിൽവേയിൽ നിന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും എസി ജനറൽ ക്ലാസ് കോച്ചുകളിൽ ആദ്യത്തേത് പഞ്ചാബിലെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കാനാണ് സാധ്യത.
കോവിഡ് -19 മഹാമാരിയെത്തുടർന്ന് റിസർവ് ചെയ്യാതെ സൂക്ഷിച്ച കോച്ചുകളെല്ലാം റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളാക്കി മാറ്റിരുന്നു. എസി 3 ടയർ കോച്ചുകളേക്കാൾ കുറഞ്ഞ നിരക്കിൽ വരുന്ന എസി ഇക്കോണമി കമ്പാർട്ടുമെന്റുകൾ റെയിൽവേ അടുത്തിടെ പുറത്തിറക്കിയിരുന്നു. സ്ലീപ്പർ യാത്രക്കാർക്കുള്ള ഓപ്ഷനായിട്ടാണ് ഇക്കോണമി കോച്ചുകൾ അവതരിപ്പിച്ചത്.
Discussion about this post