ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കിറ്റ് ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയുമാണ് കൊല്ലപ്പെട്ട സാജന്‍ മാത്യു.
ഡാലസ് കൗണ്ടിയിലെ മസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സപ്ലെ സ്റ്റോർ നടത്തിവരികയായിരുന്നു സാജൻ മാത്യൂ. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി, മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പു നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സജിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡാലസ് പ്രിസ്ബിറ്റീരിയൻ ആശുപത്രിയിലെ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മസ്കിറ്റിൽ അടുത്തിടെയാണ് സാജൻ സുഹൃത്തുക്കളുമായി ചേർന്ന് ബ്യൂട്ടി സപ്ലെ സ്റ്റോർ ആരംഭിച്ചത്. സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജനസംഖ്യത്തിന്റെയും സജീവ അംഗമായിരുന്നു.












