ഡൽഹി: സമ്മർദ്ദങ്ങൾക്കൊടുവിൽ പെട്രോളിന്റെ മൂല്യവർദ്ധിത നികുതി കുറയ്ക്കാൻ തയ്യാറായി ഡൽഹി സർക്കാർ. 30 ശതമാനത്തിൽ നിന്നും 19.40 ശതമാനമായാണ് നികുതി കുറയ്ക്കുന്നത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വിലയിൽ 8 രൂപയുടെ വരെ കുറവുണ്ടാകും.
ഇന്ന് അർദ്ധരാത്രി മുതൽ വിലക്കുറവ് നിലവിൽ വരും. കാബിനറ്റ് യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് വിലക്കുറവ് സംബന്ധിച്ച തീരുമാനം അവതരിപ്പിച്ചത്. നിലവിൽ 103 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ വില. വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതോടെ ഇത് 95 രൂപയാകും.
നേരത്തെ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കുറവ് വരുത്തിയിരുന്നു. ഒപ്പം നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നു. എന്നാൽ നികുതി കുറയ്ക്കില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരളം.









