ഒറ്റപ്പാലം: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വിശ്രമിക്കുകയായിരുന്ന വൃദ്ധയുടെ തലയിലേക്കു ടൈൽസ് കൂട്ടത്തോടെ അടർന്നുവീണു. ചുമരിനോടു ചേർന്ന ഇരിപ്പിടത്തിൽ കിടന്നിരുന്ന പാലപ്പുറം സ്വദേശിനിയുടെ ദേഹത്തേക്കും തലയിലേക്കുമാണ് വീണത്. തുടർന്ന് ഇവർക്ക് നിസ്സാര പരുക്കേറ്റു.
പഴയ കെട്ടിടത്തിൽ അടുത്തിടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ഭാഗത്തായിരുന്നു സംഭവം. പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം കെട്ടിടത്തിന്റെ ചുമരിൽ പതിച്ചിരുന്ന ടൈൽസ് കൂട്ടത്തോടെ ഇവരുടെ തലയിലേക്കും ദേഹത്തേക്കും വീഴുകയായിരുന്നു. ചുമരിനു തൊട്ടുതാഴെയാണു ഇവർ വിശ്രമിച്ചിരുന്നത്.
തുടർന്ന് പൊലീസ് എത്തി ഇവരെ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. സമീപത്തെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിലാണു പഴയ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നിർമാണ പ്രവർത്തനങ്ങളിലെ അപാകതയാണു തകർച്ചയ്ക്കു കാരണമെന്നാണ് ആരോപണം.
Discussion about this post