ഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ നിന്നും രക്ഷപെട്ട ഒരേയൊരു സൈനികനാണ് ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ്. ദുരന്തത്തിൽ മാരകമായി പരിക്കേറ്റ അദ്ദേഹം നിലവിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ധീരതയ്ക്കുള്ള ശൗര്യ ചക്രം നേടിയ സൈനികനാണ് വിംഗ് കമാൻഡർ വരുൺ സിംഗ്. 2020ൽ ഒരു വ്യോമ അടിയന്തര ഘട്ടത്തിൽ അദ്ദേഹം തേജസ് പോർവിമാനത്തെ സംരക്ഷിച്ചിരുന്നു.
അതേസമയം കൂനൂർ വ്യോമ ദുരന്തത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികാവശിഷ്ടങ്ങൾ ഡിസംബർ 9 വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തിക്കും. ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സേനാമേധാവികൾ തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.








