ഡല്‍ഹി: പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് ഇന്ന് 20 വര്‍ഷം. 2001 ഡിസംബര്‍ 13ന് ഉച്ചയ്ക്കാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നീ സംഘടനകളിലെ ഭീകരരാണ് പാര്‍ലമെന്റ് വളപ്പില്‍ കാറിലെത്തി ആക്രമണം നടത്തിയത്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലേക്കു കടക്കും മുന്‍പ് അഞ്ച് ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു.
പ്രത്യാക്രമണത്തിനിടെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യുവരിച്ചു. ഡല്‍ഹി പൊലീസിലെ 6 പേര്‍, സിആര്‍പിഎഫ്, പാര്‍ലമെന്റ് വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവയിലെ ഓരോ അംഗങ്ങള്‍ എന്നിവര്‍ക്കാണ് ഭീകരരെ തടയാനുള്ള ശ്രമത്തില്‍ ജീവന്‍ നഷ്ടമായത്. പതിനഞ്ചിലേറെപ്പേര്‍ക്കു പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടലോടെ വലിയ അത്യാഹിതമാണ് ഒഴിവായത്.
പാര്‍ലമെന്റിനുള്ളില്‍ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു ആക്രമണം. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയടക്കമുള്ള മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനി എന്ന് പൊലീസ് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിനെ രണ്ട് ദിവസത്തിനുള്ളില്‍ കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനി, അഫ്സാന്‍ ഗുരു, ഭര്‍ത്താവ് ഷൗക്കത്ത് ഹുസൈന്‍ ഗുരു എന്നിവരെയും പിന്നീടു പിടികൂടി. 2002 ഡിസംബറില്‍ ഗീലാനി, ഷൗക്കത്ത്, അഫ്സല്‍ ഗുരു എന്നിവര്‍ക്കു വധശിക്ഷ വിധിച്ചു. അഫ്സാന്‍ ഗുരുവിനെ വിട്ടയച്ചു. അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ഷൗക്കത്തിന്റെ ശിക്ഷ പിന്നീട് 10 വര്‍ഷം കഠിനതടവായി കുറച്ചു. ഗീലാനിയെ കുറ്റവിമുക്തനാക്കി. 2019ല്‍ ഗീലാനി നിര്യാതനായി.
Discussion about this post