ആയിരം വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കാശിവിശ്വനാഥ ഇടനാഴി യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗാ മാതാവ് ഈ സ്ഥലത്തേക്ക് വന്നപ്പോൾ കാശിയിലെ മണികർണികയിൽ കുടുങ്ങിപ്പോയി. ഇന്ന ഭാരതാംബയുടെ മഹാനായ പുത്രൻ നരേന്ദ്ര മോദി ഗംഗാ മാതാവിനെ മോചിപ്പിച്ചിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയ പുണ്യഭൂമിയാണ് കാശി. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിൽ വിശ്വാസമുള്ള ജനങ്ങൾ പ്രധാനമന്ത്രിക്ക് അകമഴിഞ്ഞ് നന്ദി പറയുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മഹാറാണി അഹല്യഭായി തുടങ്ങി വെച്ച ആയിരം വർഷങ്ങളുടെ യജ്ഞം മഹാരാജാ രഞ്ജിത് സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർത്തീകരിച്ചിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
യോഗയും കുംഭമേളയും സനാതന ധർമ്മവും പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രയത്നിക്കുകയാണ്. വാരാണസി സന്ദർശിച്ച മഹാത്മാ ഗാന്ധി നഗരത്തിലെ മാലിന്യങ്ങൾ കണ്ട് ദുഖിതനായി. ഗാന്ധിജിയുടെ പേരിൽ പലരും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്തു. എന്നാൽ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ആർക്കും സാധിച്ചില്ല. കാശിയെക്കുറിച്ച് ഗാന്ധിജി കണ്ട സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാർത്ഥ്യമാക്കിയിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.









