ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കി ശാസ്ത്രലോകം. മനുഷ്യ നിർമ്മിതമായ ഒരു വസ്തു ആദ്യമായി സൂര്യഗോളത്തെ സ്പർശിച്ചു. നാസ വിക്ഷേപിച്ച പാർക്കർ എന്ന പേടകമാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
സൂര്യനിലെ കൊറോണ എന്ന ഭാഗത്താണ് പാർക്കർ പ്രവേശിച്ചത്. ഏകദേശം രണ്ട് ദശലക്ഷം ഡിഗ്രി ഫാരൻഹീറ്റാണ് ഇവിടത്തെ ചൂട്. ഇത് മനുഷ്യവംശത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് നാസ അവകാശപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ 28നാണ് പാർക്കർ സൂര്യനിൽ പ്രവേശിച്ചത്. കൊറോണയിലെ വസ്തുക്കളുടെ ചിത്രങ്ങളും കാന്തിക തരംഗങ്ങളും പാർക്കർ രേഖപ്പെടുത്തി. സാങ്കേതിക വിദ്യയുടെ ഏറ്റവും സുപ്രധാന നേട്ടം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
പാർക്കർ പേടകത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളും താപനിലയെ ചെറുക്കുന്ന കവചം കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. 1800 ഡിഗ്രി ഫാരൻഹീറ്റ് ചൂട് ഇതിൽ പതിക്കുന്നുണ്ട്. ഇത് ഇപ്പോൾ ചുട്ടുപഴുത്ത് ചുവന്ന് തുടുത്തിരിക്കുകയാണെന്ന് ശാസ്ത്ര ജേണലിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. കത്തിയമരാതിരിക്കാൻ ഉന്നത ദ്രവണാങ്കമുള്ള ടംഗ്സ്റ്റൺ, നിയോബിയം, മൊളിബ്ഡിനം, സഫയർ തുടങ്ങിയവ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഇത് ഒരു വലിയ ദൗത്യത്തിന്റെ ആദ്യ ഘട്ടം മാത്രമാണെന്നും സൂര്യനിലേക്ക് ഇറങ്ങിച്ചെന്ന് പ്രപഞ്ച സത്യം കണ്ടു പിടിക്കാനുള്ള വൻ പദ്ധതികൾ അണിയറയിലാണെന്നും നാസ അവകാശപ്പെടുന്നു.
Discussion about this post