തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി മുതൽ ‘സ്നേഹാലയം’ എന്ന പേരിൽ അറിയപ്പെടും. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വൃദ്ധസദനങ്ങളുടെയും പേര് മാറ്റി ‘സ്നേഹാലയം’ എന്നാക്കണമെന്ന് സാമൂഹിക നീതി വകുപ്പ് കർശന നിർദേശം നൽകി. ഇനി മുതൽ ‘വൃദ്ധസദനം’ എന്ന വാക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കോ മറ്റ് പൊതുപ്രയോഗങ്ങളിലോ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
‘വൃദ്ധർ’ എന്ന പദം മുതിർന്ന പൗരന്മാരിൽ ഒരുതരം അപകർഷതാബോധവും മാനസിക വിഷമവും ഉണ്ടാക്കുന്നുവെന്നും, അതിനാൽ വയോജന സംരക്ഷണ കേന്ദ്രങ്ങളുടെ പേര് കൂടുതൽ അർത്ഥവത്തായ രീതിയിൽ മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയെ തുടർന്നാണ് സുപ്രധാന നടപടി. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് മുൻപ് തന്നെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കുകയും, സർക്കാർ ഉത്തരവ് (നമ്പർ: 247/2024/SJD) നിലവിൽ വരികയും ചെയ്തിരുന്നുവെങ്കിലും പലയിടത്തും ഇത് പൂർണ്ണമായി നടപ്പിലായിരുന്നില്ല.
ഇതുസംബന്ധിച്ച് പരാതികൾ വീണ്ടും ഉയർന്ന പശ്ചാത്തലത്തിലാണ് സാമൂഹിക നീതി വകുപ്പ് ഉത്തരവ് കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയത്. സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, രജിസ്റ്ററുകൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയിലെല്ലാം അടിയന്തിരമായി പുതിയ പേര് രേഖപ്പെടുത്തണം. സമൂഹത്തിൽ വയോജനങ്ങൾക്ക് കൂടുതൽ ആദരവും അന്തസ്സും നൽകുന്നതിനൊപ്പം അവരെ ചേർത്തുപിടിക്കുന്ന അന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പിന്റെ ഈ നിർണ്ണായക മാറ്റം.












