ക്വറ്റ: പാകിസ്താനിലെ സംഘർഷഭരിതമായ ബലൂചിസ്താൻ പ്രവിശ്യയിൽ പാക് സുരക്ഷാ സേനയ്ക്ക് നേരെ വൻ ആക്രമണ പരമ്പര അഴിച്ചുവിട്ട് വിഘടനവാദി സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA). സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള കേവലം ഏഴ് ദിവസത്തിനിടെ പ്രവിശ്യയിലുടനീളം നടപ്പിലാക്കിയ 28 സൈനിക ഓപ്പറേഷനുകളിലായി 52 പാകിസ്താൻ സൈനികരെ വധിച്ചതായും നിരവധി പേർക്ക് പരിക്കേൽപ്പിച്ചതായും ബിഎൽഎ അവകാശപ്പെട്ടു. പാക് സേനയുമായുണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലുകളിൽ തങ്ങളുടെ 12 പോരാളികൾ കൊല്ലപ്പെട്ടതായി ബിഎൽഎ വക്താവ് ജീയന്ദ് ബലൂച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.
പാസ്‌നി, ഖാരാൻ, കലാത്, തുർബത്ത്, മസ്തൂങ്, സൂറാബ്, തുംപ്, പിഷിൻ, ഝൽ മഗ്‌സി, നോഷ്‌കി, ചാഘി, പ്രവിശ്യാ തലസ്ഥാനമായ ക്വറ്റ തുടങ്ങി തന്ത്രപ്രധാനമായ 12 ഓളം മേഖലകളിലാണ് ബിഎൽഎയുടെ വിവിധ വിഭാഗങ്ങൾ ഒരുമിച്ച് ആക്രമണം അഴിച്ചുവിട്ടത്. ഗ്വാദറിന് സമീപമുള്ള പാസ്‌നിയിലെ സീറോ പോയിന്റിൽ സംയുക്ത പോലീസ്, കോസ്റ്റൽ പോലീസ്, ലെവീസ് ചെക്ക് പോസ്റ്റുകൾ ആക്രമിച്ച ബിഎൽഎ പോരാളികൾ കേന്ദ്രങ്ങൾ തടിച്ചുകളയുകയും വൻതോതിൽ ആയുധങ്ങളും സൈനിക സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തു.
കൂടാതെ, പിഷിനിലെ സിയാറത്ത് ക്രോസിൽ ബിഎൽഎയുടെ പ്രത്യേക വിഭാഗമായ ‘ഫത്തേ സ്‌ക്വാഡ്’ നടത്തിയ മിന്നലാക്രമണത്തിൽ മാത്രം 18 പാക് സൈനികർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സംഘം അവകാശപ്പെടുന്നു. മസ്തൂങ്ങിലെ ഖാദ്‌കോചയിൽ പാക് സൈനിക വാഹനത്തിന് നേരെ ഐഇഡി (IED) സ്‌ഫോടനം നടത്തിയ ശേഷം നടത്തിയ ഗറില്ലാ ആക്രമണത്തിൽ നാല് സൈനികരും, സൂറാബിൽ വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേർ സ്വഭാവമുള്ള ആക്രമണത്തിൽ ഏഴ് സൈനികരും കൊല്ലപ്പെട്ടു. പാകിസ്താൻ മിലിട്ടറി ഇന്റലിജൻസിന് (MI) വേണ്ടി ചാരപ്രവർത്തനം നടത്തിയിരുന്ന അബ്ദുൾ റഹ്മാൻ ലങ്കോവ്, റഹ്മത് സയീദ് എന്നിവരെ വധിച്ചതായും ബിഎൽഎ വ്യക്തമാക്കി.
ബലൂചിസ്താനിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെയും പാക് സൈന്യത്തിന്റെ അധിനിവേശത്തിനെതിരെയും പ്രവിശ്യയിലുടനീളം ശക്തമായ സാമ്പത്തിക ഉപരോധവും ഗതാഗത തടസ്സവും തുടരുമെന്ന് ബിഎൽഎ മുന്നറിയിപ്പ് നൽകി. സ്വതന്ത്ര ബലൂചിസ്താൻ എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ ആയുധമേന്തിയ പോരാട്ടം ശക്തിപ്പെടുത്തുമെന്നാണ് സംഘടനയുടെ നിലപാട്. ആക്രമണ പരമ്പരകളെക്കുറിച്ച് പാകിസ്താൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രവിശ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












