‘
കണ്ണൂർ: എക്‌സാലോജിക്-സിഎംആർഎൽ (Exalogic-CMRL) സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസിന് കത്തുനൽകിയ പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാവും മുതിർന്ന സിപിഎം നേതാവുമായ പിണറായി വിജയന് പൂർണ്ണ പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ‘ക്വട്ടേഷൻ സംഘം വീണ്ടും രക്തത്തിനായി ദാഹിക്കുന്നു’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇ.ഡിക്കും മാധ്യമങ്ങൾക്കുമെതിരെ രാഗേഷ് കടുത്ത വിമർശനമുന്നയിച്ചത്. ലാവ്‌ലിൻ കാലത്ത് കണ്ടതുപോലെ സഖാവ് പിണറായി വിജയന്റെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ വീണ്ടും അണിനിരക്കുകയാണെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു.
കഴിഞ്ഞ ലാവ്‌ലിൻ കേസിന്റെ കാലത്ത് സിൻഡിക്കേറ്റ് മാധ്യമങ്ങൾ മെനഞ്ഞെടുത്ത വ്യാജ കഥകൾ ഓരോന്നായി നീതിപീഠത്തിന് മുന്നിൽ പൊളിഞ്ഞുവീഴുന്നത് കേരള ജനത കണ്ടതാണെന്ന് രാഗേഷ് ഓർമ്മിപ്പിച്ചു. ഇതേ അന്ത്യം തന്നെയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന പുതിയ വ്യാജ അഴിമതിക്കഥകളെയും കാത്തിരിക്കുന്നത്. അന്ന് പിണറായിയുടെ ചോരയ്ക്കായി ആർത്തിപൂണ്ട് തിമിർത്ത അതേ മാധ്യമ ക്വട്ടേഷൻ സംഘങ്ങൾ തന്നെയാണ് ഇന്നും പുതിയ വേഷത്തിൽ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇപ്പോൾ പുറത്തുവരുന്ന തിരക്കഥകൾ പൂർണ്ണമായും സംഘപരിവാറിന്റെ ആലയിൽ വെച്ച് മിനുക്കിയെടുത്തതാണെന്നും, യുഡിഎഫും മാധ്യമ ക്വട്ടേഷൻ സംഘങ്ങളും അതിന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരെ ബിജെപിയും കോൺഗ്രസും കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യപ്പെടും. ലാവ്‌ലിൻ കാലത്തെ നുണപ്രചാരണങ്ങളെ മറികടന്നാണ് പിണറായി വിജയൻ നീണ്ട 10 വർഷക്കാലം കേരളത്തിൽ ജനകീയ ഭരണം നയിച്ചതെന്നും, ഇത്തരം വ്യാജ വാർത്തകൾ തുടരാനാണ് നീക്കമെങ്കിൽ രാഷ്ട്രീയത്തിന്റെ കുപ്പത്തൊട്ടി മാത്രമായിരിക്കും ഇവരെ കാത്തിരിക്കുന്നതെന്നും കെ.കെ. രാഗേഷ് മുന്നറിയിപ്പ് നൽകി.












