മുംബൈ: നവംബര്‍ 26 ഭരണഘടനാദിവസമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയില്‍ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ സ്മാരകത്തിന് ശിലാസ്ഥാപനം നടത്തിയശേഷം ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക സംവരണം പിന്‍വലിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്കി.
അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടന 1949 നവംബര്‍ 26നാണ് ഭരണഘടനാ നിര്‍മാണസഭ അംഗീകരിച്ചത്. അംബേദ്കറിന്റെ ജീവിതത്തിലുണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ പ്രതികൂലമായി ബാധിച്ചില്ല. ഇക്കാര്യത്തിലാണ് അദ്ദേഹത്തോട് കൂടുതല്‍ ആദരവു തോന്നുന്നതെന്ന് മോദി പറഞ്ഞു.
മുംബൈയിലെ സ്മാരകമുള്‍പ്പെടെ അഞ്ച് അംബേദ്കര്‍ സ്മാരകങ്ങളെ തീര്ഥാടനകേന്ദ്രങ്ങളാക്കാനും തീരുമാനിച്ചു.. ലണ്ടനിലെയും മുംബൈയിലെയും അംബേദ്കര്‍ വസതികള്‍, മുംബൈ ഇന്ദുമില്ലിലെ സ്മാരകം, ഡല്‍ഹിയിലെ അലിപ്പുര്‍ ഹൗസ്, മധ്യപ്രദേശിലെ ഡോ. അംബേദ്കര്‍ സ്മാരകം എന്നിവയാണ് തീര്ഥാടനകേന്ദ്രങ്ങളാക്കുക.
അംബേദ്കര്‍ സ്മാരക ശിലാസ്ഥാപനത്തിന് പുറമേ ദഹിസര്‍ മെട്രോ, ജവാഹര്‍ലാല്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ ടെര്‍മിനല്‍ എന്നിവയുടെ ശിലാസ്ഥാപനവുമുണ്ടായിരുന്നു പരിപാടിയില്‍.
Discussion about this post