ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. മദ്യനയ കേസിൽ മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ കെജ്രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞതായി പാർട്ടി ആരോപിച്ചു.
അറസ്റ്റിലാകുമ്പോൾ ആദ്യം 70 കിലോ ഭാരമുണ്ടായിരുന്ന കെജ്രിവാളിന്റെ ഭാരം ജൂൺ 22-ഓടെ 62 കിലോയായി കുറഞ്ഞുവെന്നാണ് എഎപി പറയുന്നത്. സമഗ്രമായ മെഡിക്കൽ പരിശോധനയ്ക്ക് മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ അടിയന്തര ശുപാർശ നൽകിയിട്ടുണ്ട്. ജയിലിലായ മുഖ്യമന്ത്രിക്ക് ചില രക്തപരിശോധനകൾ മാത്രമാണ് നടത്തിയതെന്നും പാർട്ടി ആരോപിച്ചു. ക്രിട്ടിക്കൽ ഹാർട്ട് ടെസ്റ്റുകളും കാൻസർ സ്‌ക്രീനിംഗ് ടെസ്റ്റുകളും ബാക്കിയുണ്ടെന്ന് എഎപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് കൂടാതെ ഇഡി ഹർജിയിൽ മൂന്നു ദിവസത്തിനുശേഷം വിധി പറയാം എന്നാണ് ഡൽഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഇതോടെ കെജ്രിവാൾ ജയിലിൽ നിന്നും പുറത്തിറങ്ങുന്നത് വീണ്ടും വൈകുമെന്ന് ഉറപ്പായി.
Discussion about this post