കോട്ടയം: കിണർ വെള്ളം പാൽ നിറമായത് വീട്ടുകാരെയും നാട്ടുകാരെയും തെല്ലിട പരിഭ്രാന്തരാക്കി. വാഴൂര്‍ ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് പാൽനിറത്തിലായത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
സ്വകാര്യ ഫാക്ടറിയിൽ നിന്നുള്ള മലിനീകരണം നിമിത്തമാണ് വെള്ളത്തിന് നിറവ്യത്യാസം വന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സമീപത്തെ ഫാക്ടറി വളപ്പിൽ ഇരുപതിനായിരത്തോളം കോഴിമുട്ടകൾ കുഴിച്ചിട്ടതാണ് കാരണമെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മഴ പെയ്തതോടെ കുഴിയിൽ നിന്നും മലിനജലം കിണറ്റിലെത്തുകയായിരുന്നു.
വെള്ളത്തിന് നിറവ്യത്യാസം മാത്രമല്ല, ദുർഗന്ധവുമുണ്ടായി. വെള്ളം പതഞ്ഞ് പൊങ്ങുവാനും തുടങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപം പ്രവർത്തിക്കുന്ന ബി ഇസഡ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ വളപ്പിൽ നിന്നും ഭക്ഷ്യമാലിന്യങ്ങളുടെ കൂമ്പാരം കണ്ടെത്തി. ചീമുട്ട, അഴുകിയ ഈന്തപ്പഴം, ശർക്കര, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയും കണ്ടെത്തി. മുട്ട കുഴിച്ചിട്ട വിവരം പുറത്തായതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. ഇതര സംസ്ഥാന തൊഴിലാളികളും സ്ത്രീകളുമാണ് ഫാക്ടറിയിലെ ജോലിക്കാർ.
ഭക്ഷ്യവസ്തുക്കൾ പാക്കറ്റിലാക്കി വിൽപ്പന നടത്തുന്ന സ്ഥാപനമാണ് ഇത്തരത്തിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെ ഇതിന്റെ ഉടമസ്ഥർക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. ഇവിടേക്ക് ചീമുട്ടയുമായി എത്തിയ ഒരു വാഹനം നാട്ടുകാർ തടയുകയും ചെയ്തു.
Discussion about this post