ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മത്സരത്തിൽ ബംഗ്ലാദേശിനെ 50 റണ്ണിന് തരിപ്പണമാക്കി സെമിയിലേക്കുള്ള പ്രയാണം ആധികാരികമാക്കി ഇന്ത്യ. ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ ശോഭിച്ച ഇന്ത്യക്ക് മുന്നിൽ ബംഗ്ലാദേശ് അക്ഷരാർത്ഥത്തിൽ ഭസ്മമായി.
നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയാക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 27 പന്തിൽ 50 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഫോമിലേക്ക് തിരികെ എത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കിയ വിരാട് കോഹ്ലി 28 പന്തിൽ 37 റൺസെടുത്ത് പുറത്തായി. ഋഷഭ് പന്ത് 36 റൺസും ശിവം ദുബെ 34 റൺസും ക്യാപ്ടൻ രോഹിത് ശർമ്മ 23 റൺസുമെടുത്തു.
ഇന്നിംഗ്സിന്റെ ആദ്യ ഘട്ടത്തിലും മദ്ധ്യ ഘട്ടത്തിലും ഒരു പരിധി വരെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ബംഗ്ലാദേശ് ബൗളർമാർക്ക് സാധിച്ചിരുന്നു. എന്നാൽ അവസാന ഓവറുകളിൽ പതിവ് പോലെ പാണ്ഡ്യ തകർത്താടിയപ്പോൾ ബംഗ്ലാ ബൗളർമാരും ഫീൽഡർമാരും വിരണ്ടു. 4 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന്റെ പോരാട്ടം 8 വിക്കറ്റിന് 146 റൺസിൽ അവസാനിച്ചു. 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 ബംഗ്ലാദേശ് വിക്കറ്റുകൾ പിഴുത കുൽദീപ് യാദവാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ബൂമ്രയും അർഷ്ദീപ് സിംഗും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, ഹാർദിക് പാണ്ഡ്യക്ക് ഒരു വിക്കറ്റ് ലഭിച്ചു.
40 റൺസെടുത്ത ക്യാപ്ടൻ നജ്മുൾ ഹുസൈൻ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. തൻസീദ് ഹസൻ 29 റൺസും റിഷാദ് ഹുസൈൻ 24 റൺസുമെടുത്തുവെങ്കിലും ഇന്ത്യൻ മുന്നേറ്റം ചെറുക്കാൻ അത് മതിയാകുമായിരുന്നില്ല.
Discussion about this post