ന്യൂഡൽഹി: മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ ആക്ഷേപമുന്നയിക്കാൻ അവസരമുണ്ടായ സാഹചര്യത്തിൽ ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്ഷയുടെ പുതുക്കിയ തീയതി വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
പരീക്ഷയുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അനിവാര്യമായ ചില നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. ഒപ്പമുണ്ടാകണമെന്നും അസൗകര്യത്തിന് ക്ഷമ ചോദിക്കുകയാണെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ചോദ്യപേപ്പറുകളുടെ സുതര്യതയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ, ഒരുപടി കൂടി മുന്നോട്ട് പോയ കേന്ദ്ര സർക്കാർ, എൻടിഎ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിംഗിനെ തത്സ്ഥാനത്ത് നിന്നും നീക്കി. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത് എന്നതിന്റെ ശക്തമായ സൂചനയാണ് ഇത്.
നേരത്തേ, നീറ്റ്, യുജിസി നെറ്റ് ചോദ്യപേപ്പറുകൾ ചോർന്നുവെന്ന വാർത്തകൾക്ക് പിന്നാലെ, പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി ഉന്നതതല സമിതിയെ കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു. മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണനാണ് സമിതിയുടെ അദ്ധ്യക്ഷൻ.
Discussion about this post