ഇസ്ലാമാബാദ്: ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ താലിബാനെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പെൺകുട്ടികളുടെ പഠനം മുടക്കിയ താലിബാന്റെ നടപടി ഇസ്ലാമിക ഗോത്രസംസ്കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. സ്റ്റൈഫന്റ് അങ്ങോട്ട് കൊടുത്താൽ പോലും തീവ്രമത വിശ്വാസികൾ പെൺകുട്ടികളെ സ്കൂളുകളിൽ അയക്കാൻ തയ്യാറാകില്ലെന്ന് ഇമ്രാൻ പറഞ്ഞു. ലോകശക്തികൾ താലിബാനെ അംഗീകരിക്കണമെന്നും അതിനായി പാകിസ്ഥാൻ പരിശ്രമിക്കുകയാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
അതേസമയം അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രാകൃത ഭരണം തുടരുകയാണ്. സർവ്വകലാശാലകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് താലിബാൻ ബുർഖ നിർബ്ബന്ധമാക്കി. ക്ലാസ് മുറികൾ രണ്ടായി വിഭജിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെ ഇരുത്തണം. ആൺകുട്ടികളെ പുരുഷ അധ്യാപകരും പെൺകുട്ടികളെ അധ്യാപികമാരും മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ.
മിക്കയിടങ്ങളിലും പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിന് താലിബാൻ പ്രാദേശിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ടിവിയിലും നാടകങ്ങളിലും അഭിനയിക്കുന്നതിന് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തി. വനിതാ ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്ന് താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചു.











