കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകൾക്ക് ഇനി വെള്ളിയാഴ്ച അവധിയില്ല. ആഴ്ചയിൽ ആറ് ദിവസവും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും അവധി.
നേരത്തെ വെള്ളിയും ഞായറും ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് അവധി ദിവസങ്ങളായിരുന്നു. ഡിസംബര്‍ 17ന് പുറത്തിറക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിലാണ് പുതിയ നിര്‍ദേശങ്ങള്‍. പുതിയ സ്കൂള്‍ സമയം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ വൈകീട്ട് 4.30വരെയും ആയിരിക്കും എന്നാണ് ഉത്തരവ് പറയുന്നത്. ഒരോ നേരത്തും നാല് പിരീയിഡുകള്‍ വരെ ക്ലാസ് ഉണ്ടാകും.
അതേസമയം ലക്ഷദ്വീപ് ജനങ്ങളില്‍ ഭൂരിഭാഗം മുസ്ലീങ്ങളാണെന്നും വെള്ളിയാഴ്ചകളിലെ നിസ്കാരത്തിനും മതപരമായ ചടങ്ങുകളും പരിഗണിച്ച് വെള്ളിയാഴ്ച സ്കൂളുകള്‍ പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ അഭ്യർത്ഥിച്ചു കൊണ്ട് ലക്ഷദ്വീപ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിപി അബ്ബാസ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡാ പട്ടേലിന് കത്തെഴുതി.









