തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കലുമായി ബന്ധമുള്ള സിനിമ- സീരിയൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മോൻസണുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. മോൺസന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ നടിയുടെ നൃത്തം ഉണ്ടായിരുന്നു.
മോൻസണുമായി ബന്ധമുണ്ടായിരുന്നു എന്ന പ്രചാരണങ്ങൾ ശ്രുതി നേരത്തെ തള്ളിയിരുന്നു. ഡോക്ടർ എന്ന നിലയിലായിരുന്നു മോൻസണെ പരിചയപ്പെട്ടതെന്നും അയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നുമായിരുന്നു നടിയുടെ പ്രതികരണം. എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മോൻസണെന്നും പരിപാടിക്ക് വിളിക്കുമ്പോൾ ആളുടെ പശ്ചാത്തലം അന്വേഷിക്കേണ്ട കാര്യമില്ലെന്നും നടി അന്ന് പറഞ്ഞിരുന്നു.
കുറച്ച് നൃത്തപരിപാടികൾ മോൻസണ് വേണ്ടി ചെയ്തിരുന്നു. പിറന്നാൾ ആഘോഷം കൊവിഡ് കാലത്തായിരുന്നതിനാൽ താനും ചേച്ചിയും കുറച്ച് പേരും മാത്രമാണ് പരിപാടിക്ക് ഉണ്ടായിരുന്നത്. മോൻസന്റെ ചികിത്സയിൽ മുടി കൊഴിച്ചിൽ മാറിയതായും നടി അന്ന് പറഞ്ഞിരുന്നു.










