ഡൽഹി: ബിജെപി എം പി വരുൺ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളോട് കൂടിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ശക്തമാണെന്നാണ് റിപ്പോർട്ട്. തന്റെ മണ്ഡലമായ പിലിഭിത്ത് സന്ദർശിക്കവെയാണ് രോഗബാധിതനായതെന്ന് വരുൺ അറിയിച്ചു.
രാജ്യം കൊവിഡ് മൂന്നാം തരംഗ വ്യാപനത്തിന്റെ വക്കിലാണ്. അതിനിടെ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും വരുൺ ഗാന്ധി അഭ്യർത്ഥിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചു ചേർത്തു. ഇന്ന് വൈകുന്നേരം 4.30നാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.6 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
രാജ്യത്ത് മൂന്നാം തരംഗ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 24നും പ്രധാനമന്ത്രി കൊവിഡ് അവലോകന യോഗം വിളിച്ചിരുന്നു. തികഞ്ഞ ജാഗ്രത പുലർത്താൻ അന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു.








