മധുര: കൊവിഡ് വരുമെന്ന ഭയത്താൽ കൂട്ട ആത്മഹത്യാ ശ്രമം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മൂന്ന് വയസുകാരന് വിഷം നൽകി യുവതിയും ജീവനൊടുക്കി. യുവതിയുടെ അമ്മയും രണ്ട് സഹോദരൻമാരും വിഷം കഴിച്ചെങ്കിലും രക്ഷപ്പെട്ടു.
ഭർത്താവുമായി അകന്നു കഴിയുന്ന ജ്യോതി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു താമസം. ജനുവരി എട്ടിന് ജ്യോതിക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ ഭയന്ന് എല്ലാവരും ഒന്നിച്ച് വിഷം കഴിക്കുകയായിരുന്നു.
ആരെയും പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. വിവരമറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജ്യോതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ അച്ഛന്റെ അകാല വിയോഗത്തിൽ കുടുംബമാകെ ഉലഞ്ഞ് നിൽക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.










