ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസീം അരുൺ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെയും മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. അനുഭവ സമ്പന്നനും സത്യസന്ധനുമായ അസീം അരുൺ യുവാക്കൾക്ക് മാതൃകയാണ്. അദ്ദേഹത്തെ ബിജെപിയിലേക്ക് അഭിമാനപൂർവ്വം സ്വാഗതം ചെയ്യുകയാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.
അസീം അരുണിന്റെ മാർഗം പിന്തുടർന്ന് നിരവധി യുവാക്കൾ ബിജെപിയിലേക്ക് കടന്നു വരുമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ജനങ്ങളെ സേവിക്കാൻ അവസരം കിട്ടിയതിൽ താൻ സന്തുഷ്ടനും സംതൃപ്തനുമാണെന്ന് അസീം അരുൺ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 107 പേരടങ്ങുന്ന ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 20 സിറ്റിംഗ് എം എൽ എമാർക്ക് സീറ്റ് നിഷേധിച്ച പാർട്ടി 21 പുതിയ സ്ഥാനാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു. ഫെബ്രുവരി 10നും 14നും നടക്കുന്ന ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്.








