ഡല്‍ഹി: അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ ഉള്‍പ്പെടെ ഇന്ത്യാവിരുദ്ധ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളുമാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിരോധിച്ചത്.
ഇന്റര്‍നെറ്റിലൂടെ ഇന്ത്യാ വിരുദ്ധ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍, രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രാലയത്തിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രാലയം ബ്ലോക്ക് ചെയ്ത 35 അക്കൗണ്ടുകളും പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ വ്യാജ വിവര ശൃംഖലകളുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്വര്‍ക്ക്, 13 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തല്‍ഹ ഫിലിംസ് നെറ്റ്വര്‍ക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
നാല് ചാനലുകളുടെ ഒരു ശൃംഖലയും മറ്റ് രണ്ട് ചാനലുകളുടെ ഒരു ശൃംഖലയും പരസ്പരം സമന്വയത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.ഈ ശൃംഖലകളെല്ലാം ഇന്ത്യയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരേ വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന ഈ ചാനലുകള്‍ പരസ്പരം ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന് ടിവി വാര്‍ത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകള്‍ നടത്തിയിരുന്നത്.
അന്തരിച്ച മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകള്‍ വഴി വ്യാപകമായ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ യുട്യൂബ് ചാനലുകള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരായ ഉള്ളടക്കം പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു.
Discussion about this post