അട്ടപ്പാടി: ആദിവാസി യുവാവ് മധുവിനെ സംഘം ചേർന്ന് തല്ലിക്കൊന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി സരസു പറഞ്ഞു.
കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ചിലർ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നെന്നും മധുവിന്റെ കുടുംബം വെളിപ്പെടുത്തുന്നു. എന്നാൽ സാക്ഷി അതിന് തയ്യാറായില്ല. ‘ഒരിക്കൽ മുഖംമൂടി ധരിച്ച രണ്ടു പേർ വീട്ടിലെത്തി’. കേസിൽ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സരസു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
മധു കൊലക്കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉള്ളതായി സംശയമുണ്ട്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനമെന്നും ഇവർ പറയുന്നു.











