ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. ഉത്തരാഖണ്ഡിലെ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ കിഷോർ ഉപാധ്യായ കോൺഗ്രസ് വിട്ടു. അദ്ദേഹം ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് സൂചന.
ബിജെപി ടിക്കറ്റിൽ തെഹ്രി മണ്ഡലത്തിൽ നിന്ന് അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കോൺഗ്രസ് നേതൃത്വവുമായി തുടരുന്ന അസ്വാരസ്യത്തിനൊടുവിലാണ് ഉപാധ്യായയുടെ രാജി. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപാധ്യായയെ ആറ് വർഷത്തേക്ക് പുറത്താക്കിയിരിക്കുകയാണ് എന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.
ഉത്തർ പ്രദേശിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ആർ പി എൻ സിംഗ്, ജിതിൻ പ്രസാദ, അദിതി സിംഗ് എന്നിവർ അടുത്ത ദിവസങ്ങളിലായി ബിജെപിയിൽ എത്തിയിരുന്നു.









