ഡൽഹി: അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം തുടരുന്നതിനിടെ ക്വാഡ് വിദേശകാര്യ മന്ത്രിതല ഉച്ചകോടി ഈ മാസം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കും. ഇതിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഈ മാസം പത്തിന് ഓസ്ട്രേലിയയിലേക്ക് തിരിക്കും. ചൈന ആതിഥ്യമരുളുന്ന ശീതകാല ഒളിമ്പിക്സ് ഇന്ത്യയും ഓസ്ട്രേലിയയും അമേരിക്കയും ബഹിഷ്കരിക്കാൻ തീരുമാനിച്ച രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഉച്ചകോടി.
ഗാൽവൻ സംഘർഷത്തിൽ പങ്കാളിയായിരുന്ന ചൈനീസ് പട്ടാളക്കാരനെ ഒളിമ്പിക്സിന്റെ ദീപശിഖാ വാഹകൻ ആക്കാൻ ചൈന തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ബഹിഷ്കരണം. ചൈനയുടെ തീരുമാനത്തെ നിശിതമായി വിമർശിച്ച ഇന്ത്യ, ഒളിമ്പിക്സിന്റെ ഉദ്ഘാടന- സമാപന ചടങ്ങുകളിൽ ഇന്ത്യൻ പ്രതിനിധി ഉണ്ടാകില്ല എന്ന് വ്യക്തമാക്കി.
ചൈന വിവിധ മേഖലകളിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കണക്കിലെടുത്താണ് അമേരിക്ക ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ചൈനയുമായുള്ള വാണിജ്യ- സാമ്പത്തിക രംഗങ്ങളിലെ അസ്വാരസ്യങ്ങൾ കണക്കിലെടുത്താണ് ഓസ്ട്രേലിയ ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത്. സർക്കാർ പ്രതിനിധിയെ ചൈനയിലേക്ക് അയക്കില്ലെന്ന് ജപ്പാനും തീരുമാനിച്ചിട്ടുണ്ട്.










