കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം. കൊലയാളിയെ തിരിച്ചറിഞ്ഞു. പ്രതി ആശുപത്രിയിൽ തന്നെ ഉള്ളയാളാണെന്ന് വ്യക്തമായി.
കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാൻ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരോട് കൂടിയാലോചിച്ച ശേഷം അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
തലശ്ശേരി സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ട് (30)നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പതിവുപരിശോധനയ്‌ക്കെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് വനിതാ വാര്‍ഡിലെ 10-ാം നമ്പര്‍ സെല്ലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ശേഷം ഇവർ തലശ്ശേരിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. സ്വന്തം കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നതുകണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്.
ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു മൃതദേഹം. തലയ്ക്കുപിറകില്‍ അടി കിട്ടിയതിനെത്തുടര്‍ന്ന് വലിയ മുഴയുണ്ടായിട്ടുണ്ട്. മുഖം നീര് വന്ന് വീങ്ങിയിട്ടുമുണ്ട്. കൈയ്യിൽ ചുരുട്ടി പിടിച്ച നിലയിൽ തലമുടിയും കണ്ടെത്തിയിരുന്നു.
Discussion about this post