ഡൽഹി: മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്നു പറഞ്ഞ് മയക്കുമരുന്ന് നൽകി ബോധം കെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദ ചികിത്സകൻ അറസ്റ്റിൽ. സീമാപുരിയിൽ മന്ത്രവാദ ചികിത്സ നടത്തി വന്നിരുന്ന യമീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം. രോഗം ഭേദമാകുന്നതിന് മന്ത്രവാദ ചികിത്സ നടത്തുന്നതിന് വേണ്ടി സഹോദരിക്കൊപ്പം ചികിത്സാലയത്തിൽ എത്തിയതായിരുന്നു പെൺകുട്ടി. സഹോദരിയെ പുറത്തിരുത്തി യമീൻ പെൺകുട്ടിയെ അകത്തേക്ക് വിളിക്കുകയായിരുന്നു.
രോഗം ഭേദമാകുന്നതിന് വേണ്ടി ശ്മശാനത്തിൽ നിന്നുള്ള മണ്ണ ശരീരത്ത് പുരട്ടുണമെന്നും അതിനായി വസ്ത്രം അഴിക്കണമെന്നും ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം ഫെബ്രുവരി 12ന് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയതോടെ ഇവർ കേസ് കൊടുക്കുകയും തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.











