രാജ്കോട്ട്: മതവികാരം വ്രണപ്പെടുത്തുകയും പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകൻ സോഹിൽ ഹുസൈൻ മൂറിനെതിരെ കേസെടുത്തു. ഞായറാഴ്ച ശ്യാമപ്രസാദ് മുഖർജി നഗറിലായിരുന്നു ഇയാളുടെ അതിക്രമങ്ങൾ.
ഛത്രപതി ശിവജിക്കെതിരെ മൂർ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അപമാനകരമായ കമന്റ് ഇട്ടത് വിവാദമായിരുന്നു. ഗ്രൂപ്പിലെ അംഗമായ ജ്യോതി സോധ ഇത് ചോദ്യം ചെയ്തു. അതിന് മറുപടിയായി, ഈ നാട്ടിൽ ഞങ്ങൾ ഭൂരിപക്ഷമാകുകയാണെന്നും ഇത് വൈകാതെ പാകിസ്ഥാനാകുമെന്നും അന്ന് നിങ്ങൾ ഇവിടം വിടേണ്ടി വരുമെന്നും മൂർ പറഞ്ഞു.
തുടർന്ന് സോധ മൂറിനെ നേരിട്ട് സമീപിക്കുകയും പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മൂർ സോധയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തി വീശി. തുടർന്ന് അക്രമാസക്തനായ ഇയാൾ അവിടെ ഉണ്ടായിരുന്ന ഒരു ഗണേശ വിഗ്രഹം തകർത്തു.
സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ റാവത് ദംഗറിനെ മൂർ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.








