ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല പറഞ്ഞു. ഒഴിപ്പിക്കൽ നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സസൂക്ഷ്മം നിരീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഉക്രെയ്നിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ, ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചിരുന്നു.
അതേസമയം ഒഴിപ്പിക്കലിന്റെ ചുമതലയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ ഉക്രെയ്ൻ അതിർത്തികളിൽ എത്തിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post