ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ജനതാദള്‍ (യുനൈറ്റഡ്) സ്ഥാനാര്‍ഥിക്കുനേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. പടിഞ്ഞാറന്‍ ഇംഫാലിലെ ക്ഷെത്രിഗാവോ മണ്ഡലത്തിലെ സ്ഥാനാര്‍ഥി വഹേങ്ബാം റോജിതിനാണ് ഞായറാഴ്ച പുലര്‍ച്ചെ വെടിയേറ്റത്.
പുലര്‍ച്ചെ 1.30-ന് നഹരൂപ് മഖപടില്‍ സ്ത്രീകളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ചില സംഘടനാപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് റോജിതിനുനേരെ ആക്രമണമുണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
നെഞ്ചില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോജിത്തിന്റെ നില ഭദ്രമാണെന്നും കുറിപ്പില്‍ അറിയിച്ചു. റോജിത്തിനെ പ്രവേശിപ്പിച്ച ആശുപത്രിയിലും ക്ഷെത്രിഗാവോ മണ്ഡലത്തിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ക്ഷെത്രിഗാവോ അടക്കം 38 മണ്ഡലങ്ങളിലാണ് മണിപ്പൂരില്‍ തിങ്കളാഴ്ച ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post