ഡൽഹി: ഉക്രെയ്ൻ വിഷയത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരെ നേരിട്ട് നിയോഗിക്കുമെന്നാണ് സൂചന. യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ ദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുകയാണ്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റുമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ഡൽഹിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകും.
ഉക്രയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്യും. ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.









