മിർസാപുർ: പാവപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടി ബിജെപി മാത്രമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മച്ചലി ശഹറിലെ ബിജെപി സ്ഥാനാർത്ഥിയുടെ ബാങ്ക് ബാലൻസ് വെറും 3,000 രൂപ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പര്യായമാണ് എൻഡിഎ. ആരെയെങ്കിലും നിയമസഭയിൽ എത്തിച്ച് അധികാരം പിടിക്കുന്നതിലല്ല കാര്യം. ജനങ്ങൾക്ക് ഉപകാരമുള്ളവരെ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുക എന്നതിലാണ്. ഇന്ന് വെളിയിടത്ത് വിസർജ്ജനം നടത്തുന്ന ഒരാൾ പോലും ഉത്തർ പ്രദേശിൽ ഇല്ലെന്ന് ജെ പി നദ്ദ ചൂണ്ടിക്കാട്ടി.
ബിജെപി സ്ത്രീകൾക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കി. സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിന് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. 2014 വരെ സംസ്ഥാനത്ത് 15 മെഡിക്കൽ കോളേജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 69 മെഡിക്കൽ കോളേജുകൾ ഉണ്ടെന്നും ജെ പി നദ്ദ ചൂണ്ടിക്കാട്ടി.









