കര്‍ണാടക ഗുണ്ടല്‍പേട്ടിലെ ക്വാറി അപകടത്തില്‍ നിരവധി പേര് മരിച്ചതായി സംശയം. മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഗുണ്ടല്‍പേട്ടിന് സമീപമുള്ള ഗുമ്മകല്ലുഗുഡ്ഡ കരിങ്കല്‍ ക്വാറിയില്‍ ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ഈ സമയം 17 പേര് മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. ഏഴുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. അതേസമയം, എത്ര പേര് കുടുങ്ങിക്കിടക്കുന്നുവെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവര്‍ത്തനം രണ്ടു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു.
കര്‍ണാടക ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ടില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മണ്ണും കൂറ്റന്‍ പാറക്കല്ലുകളും ഇടിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആറു തൊഴിലാളികളെ ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പൊലീസ്, റവന്യൂ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാക്കിയുള്ള തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങളാരംഭിച്ചെങ്കിലും ദുഷ്കരമായിരുന്നു ദൗത്യം.
അപകട സമയത്ത് ക്വാറിയില്‍ ഇരുപത്തഞ്ചോളം തൊഴിലാളികളുണ്ടായിരുന്നതായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൊഴിലാളി നൂറുദ്ദീന്‍ പറഞ്ഞു. അപകടത്തില്‍ നിരവധി പേരെ കാണാതായതായും അദ്ദേഹം വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തന മേറ്റെടുത്ത ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു.
വലിയ പാറക്കഷണങ്ങള്‍ വീണ് തകര്‍ന്ന ടിപ്പര്‍ ലോറികളും ട്രാക്ടറും ഹിറ്റാച്ചിയുമടക്കമുള്ള വാഹനങ്ങളും മണ്ണിനടിയിലുണ്ട്. മാടഹള്ളി ബൊമ്മലപുര സ്വദേശി മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്വാറി, വയനാട് മുത്തങ്ങ സ്വദേശി ഹക്കീം മൂന്നു കൊല്ലമായി പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു. സംഭവത്തില്‍ മൈനിംഗ് മാനേജര്‍ അറസ്റ്റിലായിട്ടുണ്ടെന്നും കരാറുകാരടക്കം കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കുമെന്നും ചാമരാജ് എസ് പി ശിവകുമാര്‍ വ്യക്തമാക്കി.
Discussion about this post